യൂത്ത് കോണ്‍ഗ്രസില്‍ ആധിപത്യമുറപ്പിക്കാന്‍ ചരടുവലിയുമായി ഗ്രൂപ്പുകള്‍; ഷാഫിക്ക് താത്പര്യം രാഹുല്‍ മാങ്കൂട്ടത്തിലിനോട്; ബിനു ചുള്ളിയില്‍ കെ സിയുടെ നോമിനിയാകും
യൂത്ത് കോണ്‍ഗ്രസില്‍ ആധിപത്യമുറപ്പിക്കാന്‍ ചരടുവലികള്‍ ശക്തമാക്കി ഗ്രൂപ്പുകള്‍. സംസ്ഥാന സമ്മേളനത്തിന് പിന്നാലെ എ ഗ്രൂപ്പ് നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. പ്രസിഡന്റ് ആരാകണമെന്നതിനെച്ചൊല്ലി എ ഗ്രൂപ്പില്‍ ഭിന്നാഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. എ ഗ്രൂപ്പിന്റെ പരിഗണനയില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ജെ എസ് അഖിലുമുണ്ട്. ഐ ഗ്രൂപ്പിന്റെ പട്ടികയില്‍ നാല് പേരാണുള്ളത്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് കടുത്ത മത്സരം ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗമാണ് ജെ എസ് അഖില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനാകണമെന്നാണ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരുടെ താത്പര്യം.
കെഎസ്‌യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്റെ പേരും എ ഗ്രൂപ്പ് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ ഉള്‍പ്പെടെ അഭിപ്രായം ആരാഞ്ഞ ശേഷമാകും എ ഗ്രൂപ്പ് തങ്ങളുടെ നോമിനി ആരെന്ന് തീരുമാനിക്കുക. വി പി അബ്ദുള്‍ റഷീദ്, ഒ ജെ ജനീഷ്, എം പി പ്രവീണ്‍, അബിന്‍ വര്‍ക്കി എന്നീ നാല് പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ ബിനു ചുള്ളിയില്‍ മാത്രമാണ് കെ സി വേണുഗോപാലിന്റെ നോമിനിയായി മത്സരരംഗത്തുണ്ടാകുക.