‘നിറചിരിയുടെ രാജാവിന് യാത്രാമൊഴി’; ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്
അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാര ചടങ്ങുകൾ. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം. പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ പതിനായിരങ്ങളാണ് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്.
ഇന്നലെ ഇന്നസെന്റിന്റെ ഭൗതിക ശരീരം കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിന് വച്ചശേഷമാണ് മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ സിനിമാ പ്രവര്‍ത്തകരും ആരാധകരും രാത്രി വൈകിയുമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാരായ ആര്‍.ബിന്ദു, കെ രാധാകൃഷ്ണന്‍, എം.ബി രാജേഷ് തുടങ്ങിയവര്‍ എല്ലാം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, സിദ്ധിഖ് തുടങ്ങി നിരവധി പ്രമുഖര്‍ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തി പ്രിയ സഹപ്രവര്‍ത്തകന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. കൊച്ചിയിലെ വി.പി.എസ്. അമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റ് അസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.