ആദിവാസികള്‍ക്കെതിരായ ആക്രമണം ഗൗരവമായി കാണുന്നു; മന്ത്രി. കെ.രാധാകൃഷ്ണന്‍
ആദിവാസികള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗൗരവതരമായി കാണുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് തീര്‍ത്ത് പറയാനാകില്ല എന്നും സമൂഹത്തിന്റെ ധാരണയാണ് മാറ്റേണ്ടതെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. അട്ടപ്പാടി മധു കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
ആദിവാസികള്‍ക്കെതിരായ ആക്രമണത്തിനെതിരെ സമൂഹത്തില്‍ ബോധവത്ക്കരണം നടത്തേണ്ടതുണ്ട്. വലിയ രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അതുതന്നെയാണ് കേരളത്തില്‍ ഇത്തരം അക്രമണങ്ങള്‍ കുറയുന്നതിന്റെ കാരണം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.
പട്ടിക ജാതി വിഭാഗങ്ങളില്‍, ഈ വര്‍ഷത്തെ കണക്കനുസരിച്ച് 2022ല്‍ മാത്രം 1.11 ശതമാനമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. ആദിവാസികളുടെ കാര്യത്തിലിത് 6.4 ശതമാനമാണിത്. രാജ്യത്ത് എസ്‌സി വിഭാഗത്തിനെതിരെ ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് യുപിയാണ്. എസ്ടി വിഭാഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് മധ്യപ്രദേശാണ്. ഈ രണ്ട് വിഭാഗങ്ങളിലും രണ്ടാം സ്ഥാനത്ത് രാജസ്ഥാനാണ്.
കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കുറയ്ക്കാന്‍ സമൂഹത്തിന്റെ കൂടി ഇടപെടലുണ്ടാകണം. സമൂഹത്തിന്റെ ധാരണ തന്നെ മാറ്റേണ്ടതാണ് എന്നും മന്ത്രി പറഞ്ഞു.