ഫുട്പാത്തിൽ കൊടി തോരണങ്ങൾ: സിപിഎമ്മിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച്
സിപിഎമ്മിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച്. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന കൊച്ചിയിൽ ഫുട്പാത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സർക്കാരിനെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന ഒരു ബഞ്ചിൽ നിന്ന് തന്നെയാണ് സിപിഎമ്മിനെതിരായ വിമർശനവുമെന്നത് ശ്രദ്ധേയമാണ്
കൊച്ചി നഗരത്തിൽ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തിൽ സർക്കാർ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമർശനമുന്നയിക്കുമ്പോൾ മറ്റൊരു പാർട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുന്നു. പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമ വ്യവസ്ഥയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു
നഗരസഭക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാൻ ധൈര്യമില്ലേയെന്നും കോടതി ചോദിച്ചു. എന്നാൽ കൊടിതോരണങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു കോർപറേഷന്റെ മറുപടി.