‘കല്‍ക്കരി ക്ഷാമം, വാങ്ങേണ്ടി വന്നത് കേന്ദ്രം നിര്‍ദേശിച്ച വിലയേറിയ കല്‍ക്കരി’; നിരക്ക് വര്‍ധിപ്പിച്ചതില്‍ വൈദ്യുതിമന്ത്രി
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ധന സര്‍ചാര്‍ജ് ഈടാക്കിയത് കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളില്‍ കല്‍ക്കരിക്ഷാമം മൂലം കേന്ദ്ര നിര്‍ദ്ദേശപ്രകാരം ഇറക്കുമതി ചെയ്ത വിലകൂടിയ കല്‍ക്കരി ഉപയോഗിച്ചതിനാലാണെന്ന് വൈദ്യുതി മന്ത്രി പറയുന്നു. ഓരോ മാസവും ഇന്ധന വിലയിലുണ്ടായ വ്യതിയാനം കാരണം വൈദ്യുതി വാങ്ങല്‍ ചെലവില്‍ വന്ന അധികചെലവ് അതാത് മാസം തന്നെ കെ എസ് ഇ ബി എല്‍ ഈ താപനിലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ തുകയാണിപ്പോള്‍ ഇന്ധന സര്‍ചാര്‍ജ് ആയി ഈടാക്കുന്നതെന്ന് കെ കൃഷ്ണന്‍കുട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
നാല് മാസത്തേക്ക് യൂണിറ്റിന് 9 പൈസ നിരക്കിലാണ് വില കൂടുന്നത്.2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ഇന്ധന വിലയിലുണ്ടായ വ്യതിയാനം കാരണം വൈദ്യുതി വാങ്ങല്‍ ചെലവില്‍ കമ്മിഷന്‍ അംഗീകരിച്ച തുകയേക്കാള്‍ 87.07 കോടി രൂപ അധിക ബാധ്യത ഉണ്ടായതിനാലാണ് വൈദ്യുതി നിരക്ക് കൂടുന്നതെന്ന് വൈദ്യുതിമന്ത്രി പറഞ്ഞു.
വൈദ്യുതി നിയമം 2003 ലെ 62 (4) പ്രകാരവും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്തു പുറപ്പെടുവിച്ചിട്ടുള്ള 2021ലെ താരിഫ് നിര്‍ണയ ചട്ടങ്ങളിലെ 87ആം ചട്ട പ്രകാരവുമാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷന്‍ നല്‍കുന്നത്. വിലകൂടിയ കല്‍ക്കരി ഉപയോഗിച്ചതുകൊണ്ടുള്ള അധിക ബാധ്യത യൂണിറ്റ് ഒന്നിന് 14 പൈസ നിരക്കില്‍ മൂന്നു മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് ആയി ഈടാക്കി തരണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുകയും കെ എസ് ഇ ബി എല്‍ സമര്‍പ്പിച്ച കണക്കുകളുടെ സൂക്ഷ്മ പരിശോധനയ്ക്കും, പൊതു തെളിവെടുപ്പിനും ശേഷം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കുകയും യൂണിറ്റ് ഒന്നിന് 9 പൈസ നിരക്കില്‍ ഇന്ധന സര്‍ചാര്‍ജ് ആയി ഈടാക്കാന്‍ അനുമതി നല്‍കുകയുമാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.