സംസ്ഥാനത്തു വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടന്‍ എന്ന് സൂചന
തിരുവനന്തപുരം : സംസ്ഥാനത്തു വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടന്‍ എന്ന് സൂചന . സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് മുപ്പത്തിമൂന്നു പൈസവരെ കൂടുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കുകള്‍ പുതുക്കും.
2019 ഒക്ടോബര്‍ മുതലുള്ള ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാനുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 11 പൈസയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു പൈസയും സര്‍ചാര്‍ജ് ഈടാക്കണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടത്.
ജൂണ്‍ വരെയുള്ള കണക്കുകള്‍ സംബന്ധിച്ചു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കോവിഡ് വ്യാപനം കാരണം സര്‍ചാര്‍ജ് പ്രഖ്യാപിച്ചില്ല. ഈവര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സര്‍ചാര്‍ജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഇതു സംബന്ധിച്ച ഉത്തരവിറങ്ങാം. ബോര്‍ഡിന്റെ ആവശ്യം അതേപടി അംഗീകരിച്ചാല്‍ സര്‍ചാര്‍ജ് ഇനത്തില്‍ മാത്രം യൂണിറ്റിന് 33 പൈസ കൂടും.
സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്കു കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വര്‍ധിപ്പിച്ചതു മൂലം വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 25 മുതല്‍ 50 പൈസയുടെ വരെ കൂടാം. വര്‍ഷം 500 കോടിയിലേറെ രൂപയുടെ അധിക ബാധ്യതയാണ് ഇതു മൂലം കേരളത്തിന് ഉണ്ടാകുക.
ഇതിനെതിരെ വൈദ്യുതി ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കേസ് തള്ളി. അപ്പീല്‍ പോകുന്നതിനെക്കുറിച്ചു ബോര്‍ഡ് ആലോചിക്കുകയാണ്. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ നിര്‍മിച്ച വന്‍കിട ലൈനുകളുടെ സാമ്പത്തിക ബാധ്യത എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വീതിച്ചതാണ് കേരളത്തിനു വിനയായത്.