മോഡലുകളുടെ മരണം: അറസ്റ്റിലായ സൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മനപ്പൂർവമല്ലാത്ത നരഹത്യ, സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ പിന്തുടരുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്. കോടതിയിൽ ഹാജരാക്കിയ സൈജുവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും
സൈജുവിനെ ചോദ്യം ചെയ്ത ശേഷം മോഡലുകളുടെ ഡ്രൈവറായിരുന്ന അബ്ദുൽ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയാണ് ഒളിവിലായിരുന്ന സൈജു അഭിഭാഷകർക്കൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. തുടർന്ന് ആറ് മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്
സൈജു മോഡലുകളെ പിന്തുടർന്ന ഓഡി കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈജു പിന്തുടരുന്നത് കണ്ട അബ്ദുൽ റഹ്മാൻ കുണ്ടന്നൂരിൽ വെച്ച് കാർ നിർത്തുകയും സൈജുവുമായി തർക്കമുണ്ടാകുകയുമായിരുന്നു. ഇതിന് ശേഷമാണ് ഇരു കാറുകളും അമിത വേഗതയിൽ പായുന്നത്. പലതവണ ഓവർ ടേക്ക് ചെയ്തിട്ടുമുണ്ട്. ഇതാണ് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്കും വഴിവെച്ചത്.