അരിവില കുത്തനെ ഉയരുന്നു; വില നിയന്ത്രണത്തില്‍ ഇടപെടുന്നെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്ത് അരിവില വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അരി വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും വരുന്ന ആഴ്ചയോടെ ഉത്പന്നങ്ങളുടെ വില കുറയുമെന്നും മന്ത്രി പറഞ്ഞു. ഗുഡ് മോണിങ് വിത് ആര്‍.ശ്രീകണ്ഠന്‍ നായര്‍ ഷോയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വില നിയന്ത്രണത്തിന്റെ ഭാഗമായി ആയിരത്തിലധികമുള്ള സ്‌പ്ലൈകോ ഔട്‌ലെറ്റുകളില്‍ ന്യായമായ വിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. സബ്‌സിഡിയോടെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത് കിട്ടുന്നുണ്ട്. വില നിയന്ത്രണം കൊണ്ടുവരുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.
‘കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണ്. എല്ലാ ഉത്പന്നങ്ങളും പല സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്നതാണ്. നാം ഉപയോഗിക്കുന്നതിന്റെ 18 ശതമാനം മാത്രം അരിയാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിലവര്‍ധനവ് പിടിച്ചുനര്‍ത്താന്‍ മാര്‍ക്കറ്റുകളില്‍ ഇടപെടുന്നുണ്ട്. കൂടാതെ സപ്ലൈകോയുടെ ആയിരത്തി എണ്ണൂറോളമുള്ള ഔട്ട്‌ലെറ്റുകളിലൂടെ അരിയടക്കം 13 ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് നല്‍കുന്നുണ്ട്. സബ്‌സിഡിയോടെ എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ഇത് കിട്ടുന്നുണ്ട്.
അതോടൊപ്പം വിലക്കയറ്റത്തില്‍ പരിഹാരം കാണാന്‍ ആന്ധ്രാപ്രദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആന്ധ്രാ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത ആഴ്ചയോടെ ന്യായ വിലയ്ക്ക് അരിയടക്കം കേരളത്തിന് ലഭ്യമാക്കാനാണ് ശ്രമം’. മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.