Saturday, January 4, 2025
Kerala

രാജ്ഭവന്‍ നിസകരണത്തെ കുറിച്ച് അറിയില്ല; പ്രതികരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

ധനകാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി രാജ്ഭവന്‍ സഹകരിക്കുന്ന കാര്യത്തില്‍ അറിവില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗവര്‍ണറുടെ പരാതിയില്‍ മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. അതിനപ്പുറമൊന്നുമില്ല. മാധ്യമങ്ങളോട് നന്ദിയുണ്ട്. ഈ സംഭവത്തിന് ആധാരമായ വിഷയങ്ങളെല്ലാം പൊതുസമൂഹത്തിന് മുന്നിലെത്തിച്ചത് മാധ്യമങ്ങളാണ്. ബാക്കി കാര്യങ്ങളെല്ലാം ഗവര്‍ണറുടെ കത്തിലുമുണ്ട്. മറ്റ് നടപടിക്രമങ്ങളെല്ലാം മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലാണെന്നും കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

ഗവര്‍ണറുമായുള്ള വിവാദങ്ങള്‍ക്കിടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചെന്നാണ് വിവരം.മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി ഇന്നലെ തള്ളിയിരുന്നു. അതേസമയം മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഒക്ടോബര്‍ 18ന് ധനമന്ത്രി നടത്തിയ പ്രസംഗമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ പറയുന്നു. ബോധപൂര്‍വ്വം തന്റെ സത്യപ്രതിജ്ഞ ലംഘിക്കുകയാണ് മന്ത്രി എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രി കേരളത്തിന്റെ പാരമ്പര്യം മറന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ കത്ത്.

ധനമന്ത്രിയെ നീക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് കിട്ടിയതിന് പിന്നാലെ പ്രതികരിച്ചു. ധനമന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മന്ത്രിയുടെ പ്രസംഗം അപമാനിക്കുന്നതാണെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *