Thursday, April 10, 2025
Kerala

കേരളത്തില്‍ സിബിഐയ്ക്ക് വിലക്ക് വരും; പൊതുസമ്മതം എടുത്ത് കളയാന്‍ സിപിഎം പിബി തീരുമാനം

തിരുവനന്തപുരം: കേരളത്തില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. സിബിഐക്ക് നല്‍കിയ പൊതുസമ്മതം എടുത്ത് കളയാനാണ് തീരുമാനം. കേരളത്തില്‍ സിബിഐയുടെ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പോളിറ്റ് ബ്യൂറോ. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. കേന്ദ്ര കമ്മിറ്റിയില്‍ പോലും ഇനിയൊരു വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്.

സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട നിയമ പരിശോധനകള്‍ സംസ്ഥാനത്ത് നടന്ന് വരികയാണ്. അതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും. അതേസമയം, സംസ്ഥാനത്ത് സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുണ്ട്. ലൈഫ് മിഷന്‍ അടക്കമുള്ള ക്രമക്കേടുകളില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപ്രേരിതമായി പകപോക്കുവാനായി സിബിഐയെ ഉപയോഗിച്ചപ്പോഴാണ് നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതെന്ന് പറഞ്ഞ ചെന്നിത്തല ദേശീയ അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു.

മഹാരാഷ്ട്ര, ഛത്തീസ്ഖഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാളിലും സിബിഐ അന്വേഷണത്തിന് പൊതുസമ്മതം ഇല്ല. നാല് സംസ്ഥാനങ്ങള്‍ക്ക് ശേഷം കേരളവും സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്ത് കളയാനാണ് തീരുമാനം. സംസ്ഥാന തലത്തില്‍ ഇതിനായി നിയമപരമായ കൂടിയാലോചനകള്‍ തുടരും. നിലവില്‍ സിപിഎം സംസ്ഥാന നേതൃത്വം ഇത്തരമൊരു നിര്‍ദ്ദേശം നേരത്തെ മുന്നോട്ട് വച്ചിരുന്നു. സിപിഎം ദേശീയ നേതൃത്വം ഇതിന് അനുമതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

 

Leave a Reply

Your email address will not be published. Required fields are marked *