കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; കവര്‍ച്ചാ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസില്‍ ഒരാളെകൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കില്‍ പൊയില്‍ ഇജാസ് (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നമ്പറില്ലാത്ത കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇജാസിനെ താമരശ്ശേരിയില്‍ വച്ച് പിടികൂടുകയായിരുന്നു. സംഭവ ദിവസം താമരശ്ശേരിയില്‍ നിന്നും വന്ന സ്വര്‍ണക്കടത്ത് സംഘത്തില്‍ താനും ഉണ്ടായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
അര്‍ജുന്‍ ആയങ്കി വന്ന വാഹനത്തെ പിന്തുടര്‍ന്നുവെന്നും പാലക്കാട് സംഘം എത്തിയ ബൊലീറോ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതിയില്‍ നിന്ന് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.