താൻ മൈക്കിൽ പറയുന്നത് മറ്റുള്ളവർ കേൾക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; കെ. മുരളീധരൻ
പുതുപ്പള്ളിയിൽ യുഡിഎഫിന്റെ വിജയത്തിൽ സംശയം ഇല്ലെന്നും മികച്ച ഭൂരിപക്ഷമാണ് ലക്ഷ്യമെന്നും കോൺഗ്രസ് എം.പി കെ. മുരളീധരൻ. താൻ മൈക്കിൽ പറയുന്നത് മറ്റുള്ളവർ കേൾക്കണം എന്നതാണ് മുഖ്യമന്ത്രിയുടെ നയം. സോളാർ കേസ് കത്തി നിന്നപ്പോൾ ഉമ്മൻചാണ്ടിയും പാമോലിൻ മൂർധന്യാവസ്ഥയിൽ നിന്നപ്പോൾ കെ കരുണാകരനും മാധ്യമങ്ങളെ കണ്ടിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷം പോലും മാധ്യമങ്ങളെ കാണാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നൂലിൽകെട്ടി ഇറക്കിയല്ല ഉമ്മൻചാണ്ടി 53 വർഷം എം.എൽ.എ ആയത്. വികസനം നടപ്പാക്കിയത് കൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ വിജയിപ്പിച്ചത്. അത് പിണറായി വിജയനെ ബോധിപ്പിക്കേണ്ട ആവശ്യം കോൺഗ്രസിന് ഇല്ല. കഴിഞ്ഞ ഏഴു വർഷത്തെ വികസനത്തിൽ കേരളത്തിൽ എവിടെയും ചർച്ചക്ക് വരാൻ തയ്യാറാണ്.
പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി തരുന്നില്ല. കുടുംബത്തിനെതിരായ ആരോപണങ്ങളിൽ എന്ത് കൊണ്ട് ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകുന്നില്ല. വെറുതെ വാചക കസർത്ത് കൊണ്ട് കാര്യമില്ല. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും തങ്ങൾ ചെയ്യില്ല. കാലാവധി പൂർത്തിയാകും മുന്നേ മണ്ഡലത്തിൽ പരമാവധി വികസനം നടപ്പാക്കാൻ ആണ് തങ്ങളുടെ ശ്രമം.
താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമൊ എന്നത് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. ആറാം തീയതി കഴിഞ്ഞാൽ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയുള്ള വെടി പൊട്ടിക്കുമെന്നല്ല താൻ പറഞ്ഞത്. കരുണാകരൻ സ്മാരക നിർമാണത്തിൽ ഉൾപ്പെടെ നിരവധി കാര്യങ്ങൾ പറയാൻ ഉണ്ട്. അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം മോശമാണ്. വിവാദങ്ങളിലേക്ക് കുടുംബത്തെ വലിച്ചിഴക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്നും മനസാക്ഷിയുള്ളവർ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.