‘മിസ്റ്റർ ജയരാജൻ, വയസുകാലത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്’; ശോഭാ സുരേന്ദ്രന്‍
സ്പീക്കര്‍ എ എന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മുന്നറിയിപ്പിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഗുണ്ടാ നേതാക്കളുടെ വാക്കുകേട്ടാൽ തലകുനിച്ച് നിൽക്കുന്നവരല്ല യുവമോർച്ച.
വയസുകാലത്ത് പരാധീനതകളുമായി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആയുധമായി പ്രവര്‍ത്തിച്ചയാളാണ്.
‘കാലം കുറേ മുന്നോട്ട് പോയി മിസ്റ്റര്‍ ജയരാജന്‍. ഗുണ്ടാ മാഫിയ നേതാക്കളുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നവരല്ല യുവമോര്‍ച്ചക്കാര്‍. മോര്‍ച്ചറിയില്‍ നിങ്ങള്‍ ഒരുപാടുപേരെ അകത്താക്കി. ജയരാജന് ഈ ഡയലോഗ് കൊണ്ട് പിണറായി വിജയന്റെ ശ്രദ്ധ കിട്ടും എന്നതേയുള്ളൂ. കേരളം പഴയ കേരളമല്ല. ജയരാജന്റെ പാര്‍ട്ടിക്കകത്ത് പ്രത്യേക നിയമം ഇല്ല. അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്.’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചിരുന്നു. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്റ രംഗത്തെത്തിയത്.