പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന് തുടക്കം
01.01.2024 യോഗ്യതാ തീയ്യതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും. വോട്ടർമാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തും.
സ്വന്തം നിലയിലും ഫോമുകൾ സമർപ്പിക്കാം
ബി എല്‍ ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, www.voters.eci.gov.in ഇവയിൽ ഏതെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ceokerala.gov.in സന്ദർശിക്കാം.
അപേക്ഷ ഫോറങ്ങൾ
ഫോം 6 – പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
ഫോം 6A – പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
ഫോം 6B – ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്
ഫോം 7 – വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന്
ഫോം 8 – തെറ്റു തിരുത്തുന്നതിന്, മേൽവിലാസം മാറ്റുന്നതിന്, കാർഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന്
17 തികഞ്ഞവർക്ക് അപേക്ഷിക്കാം
17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് തീയതികളിൽ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹതയനുസരിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉൾപ്പെടുത്തുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.
അന്തിമ വോട്ടർപട്ടിക
സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക 2023 ഒക്ടോബർ 17 ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് 30.11.2023 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അർഹതയുള്ള എല്ലാ ആളുകളെയും ഉൾപ്പെടുത്തി കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കാനാണ് ശ്രമം. ഇതിനായി വീടുകൾ സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് പൊതുജനങ്ങളുടെ സഹകരണം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അഭ്യർത്ഥിച്ചു.