Wednesday, January 8, 2025
Kerala

ആശങ്കയിൽ സംസ്ഥാനം: പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍: നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ഏഴു ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലുള്ള ഏഴു ജില്ലകളെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.
മഴക്കാല രോഗങ്ങള്‍ തടയാന്‍ സംസ്ഥാനം മുന്‍കരുതല്‍ സ്വീകരിക്കണം. രാജ്യത്ത് കൊവിഡ് വ്യാപനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ 22 ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആഗോള വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ മഹാമാരി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള കേസുകളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനയുണ്ട്. അത് ആശങ്കാജനകമാണ്. വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ കര്‍ശന നിയന്ത്രണം വേണമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതയും കേന്ദ്രം ചൂണ്ടിക്കാട്ടി. അതേസമയം, കേരളം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്‌സിനേഷനുണ്ടായിരുന്നില്ല. വാക്‌സിന്‍ എത്തിയില്ലെങ്കില്‍ നാളെ വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങിയേക്കും. പതിനെട്ട് വയസിന് മുകളിലുള്ള 1.48 കോടി പേര്‍ വാക്‌സിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായത്.

സംസ്ഥാനത്തിന് വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയെ സമീപിച്ചിരുന്നു. കൂടുതല്‍ വാക്സിന്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. എം.പിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവരാണ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *