Tuesday, April 15, 2025
Kerala

പുതുമോടിയില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍; റസ്റ്റ് ഹൗസ് നവീകരണം, ഫോര്‍ട്ട് കൊച്ചിക്ക് 1.45 കോടിയുടെ പദ്ധതി

സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി.

ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലെ റസ്റ്റ് ഹൗസ് നവീകരിക്കാന്‍ വകുപ്പ് 1.45 കോടി രൂപ അനുവദിച്ചു. കേരളത്തിലെ റസ്റ്റ് ഹൗസുകളുടെ നവീകരണത്തിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ വളര്‍ച്ചയും ലക്ഷ്യമിടുന്നതായി പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

നവീകരണത്തിലൂടെ റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാകും. കൂടുതല്‍ ജനങ്ങളെ റസ്റ്റ് ഹൗസുകളിലേക്ക് ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കും. ഘട്ടം ഘട്ടമായി റസ്റ്റ് ഹൗസുകളുടെ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

തനിമ നഷ്ടപ്പെടാതെ റസ്റ്റ് ഹൗസുകള്‍ നവീകരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് , വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കൊല്ലം ജില്ലയിലെ കുണ്ടറ എന്നിവിടങ്ങളില്‍ പുതിയ റസ്റ്റ് ഹൗസ് കെട്ടിടങ്ങൾ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.

ഇവ ഉടന്‍ തുറന്നു കൊടുക്കാനാണ് ആലോചിക്കുന്നത്. 2021 നവംബര്‍ 1 നാണ് കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളായി മാറുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ റസ്ററ് ഹൗസ് മുറികള്‍ ജനങ്ങള്‍ക്ക് കൂടി എളുപ്പത്തില്‍ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി.

ഒന്നരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്നെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്ഥലമായി റസ്റ്റ് ഹൗസുകള്‍ മാറി. ഇതിലൂടെ സര്‍ക്കാരിന് ഇരട്ടിയിലധികം വരുമാനവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *