Tuesday, January 7, 2025
Kerala

ക്ഷേത്രങ്ങളുടെ ഭൗതികസാഹചര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തുക സർക്കാർ ലക്ഷ്യം: ദേവസ്വം മന്ത്രി

ക്ഷേത്രങ്ങളുടെ ഭൗതികസാഹചര്യങ്ങൾ പരമാവധി മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തെക്കന്‍ കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിന്റെ വികസനത്തിന് ഏറ്റെടുത്ത ഭൂമി കൈമാറിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്ഷേത്രത്തോട് ചേര്‍ന്ന് പടിഞ്ഞാറ് വശത്ത് 1.65 ഏക്കര്‍ ഭൂമിയാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്. ജില്ലാ കളക്ടർ ജെറോമിക് ജോർജിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഭൂരേഖ ഏറ്റുവാങ്ങി. എല്ലാ വിശ്വാസികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ വികസനം സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇടത്താവളങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആരാധനയ്ക്കാപ്പം ആതുര സേവന സൗകര്യങ്ങളും ഏര്‍പ്പെടുത്തി ദേവസ്വങ്ങളെല്ലാം പൊതു സമൂഹത്തിന് കരുതലാവുകയാണ്. കാടാമ്പുഴ ക്ഷേത്രത്തിന്റെ ഭാഗമായി ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച ദേവാങ്കണം ഹരിതചാരുതം പദ്ധതി ക്ഷേത്രങ്ങളെല്ലാം ഏറ്റെടുത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *