Wednesday, January 8, 2025
Kerala

ബസുകളിൽ തീർത്ഥാടകരെ കുത്തി നിറച്ച് കൊണ്ടു പോകുന്നു; കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് ദേവസ്വം മന്ത്രി

ശബരിമല അവലോകന യോഗത്തിൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ബസുകളിൽ തീർത്ഥാടകരെ കുത്തി നിറച്ച് കൊണ്ടു പോകുന്നതായി നിരവധി പരാതികൾ ലഭിച്ചു. സർവീസിന് ഉപയോഗിക്കുന്നതിലേറെയും കാലാവധി പൂർത്തിയായ പഴയ ബസുകളാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. എന്നാൽ ജനങ്ങളെ കുത്തി നിറച്ച് യാത്ര നടത്തുന്നില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി, നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർത്ഥാടകരെ ബസിൽ കുത്തി നിറച്ച് കൊണ്ടു പോകുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു. കയറു കെട്ടിയാണ് തീർഥാടകരെ നിയന്ത്രിക്കുന്നത്. ആവശ്യത്തിന് ബസ് ഇല്ല എന്ന പേരിലാണ് തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നത്. തീർഥാടകരെ സീറ്റിങ് കപ്പാ സിറ്റിയിൽ മാത്രമെ കൊണ്ടു പോകാവൂ എന്ന ഹൈക്കോടതി നിർദേശം അട്ടിമറിക്കുകയാണെന്നും പരാതികൾ വന്നിരുന്നു.

അതേസമയം ശബരിമല ദർശനത്തിന് പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം 90,000ൽ കൂടാൻ പാടില്ലെന്ന് പൊലീസിന്റെ കർശന നിർദേശമുണ്ട് . ഇന്ന് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിലും പൊലീസ് ഈ നിലപാടെടുക്കും. ഇപ്പോൾ 90,000 ആണ് പരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും വെർച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ ദിവസവും എത്തുന്നുവെന്നാണു കണക്ക്. കഴിഞ്ഞ തിങ്കളാഴ്ച 1.10 ലക്ഷം പേരാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *