ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം ആനപ്രേമികളുടെ അതിര് കവിഞ്ഞ ആന സ്നേഹം, ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ഇത് സംഭവിച്ചത്: എ കെ ശശീന്ദ്രൻ
ഇടുക്കി ചിന്നക്കനാലിൽ നിന്ന് മാറ്റിയ കാട്ടാന അരിക്കൊമ്പൻ തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ പ്രവേശിച്ച് നാശനഷ്ടങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പൻ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളതെന്നും തമിഴ്നാട് കേരള വനംവകുപ്പുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു. ഈ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ്റെ ഉപദേശം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരിക്കൊമ്പനെ ഉൾവനത്തിലേക്ക് അയച്ചത് വനംവകുപ്പിന്റെ ആശയമായിരുന്നില്ലെന്നാണ് എ കെ ശശീന്ദ്രൻ വിശദീകരിക്കുന്നത്. ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. നിലവിൽ ആനയുള്ളത് തമിഴ്നാട് അതിർത്തിയിലായതിനാൽ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് തമിഴ്നാട് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരിക്കൊമ്പൻ കേരള അതിർത്തിയിലേക്ക് പ്രവേശിക്കുമോ എന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്ഥിതിഗതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരളത്തിലെ വനംവകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആനയെ മയക്കുവെടി വച്ച് ആന പരിപാലന കേന്ദ്രത്തിലേക്ക് അയയ്ക്കുക എന്നതായിരുന്നു സർക്കാർ തീരുമാനം. ഇപ്പോഴെടുത്ത തീരുമാനം കോടതി നിർദേശങ്ങൾ പാലിച്ചുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.