നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജാമ്യഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി നിർദേശപ്രകാരമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവിധ വിധിന്യായങ്ങൾ പ്രതിയുടെ അവകാശത്തെ അനുകൂലിക്കുന്നുണ്ട്.
ആറ് വർഷമായി വിചാരണ തീരാതെ ജയിലിൽ പ്രതി തുടരുമ്പോൾ ജാമ്യം ഒരു അവകാശമായി മാറില്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പൾസർ സുനിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിൽ ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ അതിജീവിതയുടേത് ഉള്‍പ്പെടെ പള്‍സര്‍ സുനിക്കെതിരായ മൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ നിര്‍ദേശം നല്‍കിയിരുന്നു. ആറു വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് പള്‍സര്‍ സുനിയുടെ വാദം.
അതേസമയം കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് അറിയിച്ചിരുന്നു.