വിവാഹശേഷവും കാമുകനുമായി ബന്ധം പുലര്‍ത്തി; മകളെ ശ്വാസം മുട്ടിച്ച് കൊന്ന് കാട്ടില്‍ ഉപേക്ഷിച്ച് പിതാവ്
ആന്ധ്രാപ്രദേശിലെ നന്ദ്യാലയില്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. വിവാഹശേഷവും കാമുകനുമായി ബന്ധം പുലര്‍ത്തിയതാണ് മകളെ കൊലപ്പെടുത്താന്‍ കാരണം. കൊലയ്ക്കു ശേഷം തലയറുത്ത് മൃതദേഹം സമീപത്തെ കാട്ടില്‍ തള്ളുകയായിരുന്നു.
പാണ്യം അലമുരു ഗ്രാമത്തിലെ ദേവേന്ദര്‍ റെഡ്ഡിയാണ് പിടിയിലായത്. ഇയാളുടെ മകള്‍ പ്രസന്നയെ രണ്ടുവര്‍ഷം മുന്‍പാണ് ഹൈദരബാദിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവ് വിവാഹം കഴിച്ചത്. ഹൈദരാബാദിലായിരുന്ന പ്രസന്ന കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് സ്വന്തം വീട്ടിലേയ്ക്ക് വന്നു. തിരികെ പോകാന്‍ പലതവണ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പോകാന്‍ തയ്യാറായില്ല. പിന്നീടാണ്, വിവാഹത്തിന് മുന്‍പുണ്ടായിരുന്ന കാമുകനുമായി പ്രസന്ന ബന്ധം തുടങ്ങിയത് ദേവേന്ദര്‍ അറിഞ്ഞത്.
ബന്ധം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രസന്ന തയ്യാറായില്ല. തുടര്‍ന്നാണ് സ്വന്തം മകളെ ദേവേന്ദര്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ, തലയറുത്ത്, ഉടലും തലയും രണ്ടിടങ്ങളിലായി സമീപത്തെ കാട്ടില്‍ ഉപേക്ഷിച്ചു. പ്രസന്ന ഇടയ്ക്കിടെ, മുത്തച്ഛനെ ഫോണില്‍ വിളിയ്ക്കാറുണ്ടായിരുന്നു. ഇത് നിലച്ചതോടെ, ഇയാള്‍ ദേവേന്ദറിനെ വിളിച്ച് കാര്യം അന്വേഷിച്ചു. മകളെ കാണാനില്ലെന്നും പരാതി നല്‍കുകയാണെന്നും ദേവേന്ദര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പാണ്യം പൊലിസ്, ദേവേന്ദറിന്റെ പെരുമാറ്റത്തിലെ സംശയം കാരണം ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഫെബ്രുവരി പത്തിനാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹവും വെട്ടിമാറ്റിയ തലയും ഗിദ്ദല്ലൂര്‍ റോഡിലെ വനമേഖലയില്‍ നിന്നും കണ്ടെത്തി.