ലോകായുക്ത നിയമഭേദഗതി: എതിർപ്പുന്നയിച്ച് പ്രതിപക്ഷം ഇന്ന് ഗവർണറെ കാണും
ലോകായുക്ത നിയമഭേദഗതി ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. രാവിലെ പതിനൊന്നരക്ക് രാജ് ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച. ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും ആർ ബിന്ദുവിനും എതിരായ കേസുകളിൽ നിന്നും രക്ഷപ്പെടാനാണ് ഓർഡിനൻസ് എന്ന് പ്രതിപക്ഷം ഗവർണറെ അറിയിക്കും
വി ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പിഎംഎ സലാം, മോൻസ് ജോസഫ്, എഎ അസീസ്, സിപി ജോൺ, ജി ദേവരാജൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു.
എ ജിയുടെ നിയമോപദേശപ്രകാരമാണ് ഓർഡിനൻസ് എന്ന് നിയമമന്ത്രി പി രാജീവ് ഗവർണറെ കണ്ട് ബോധിപ്പിച്ചിരുന്നു. ഗവർണർ വിഷയത്തിൽ എന്ത് നടപടിയെടുക്കുമെന്നതാണ് ഇനി നിർണായകമാകുക. ഇന്ന് വൈകുന്നേരം കൊച്ചിക്ക് പോകുന്ന ഗവർണർ തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുക.