Sunday, January 5, 2025
Wayanad

കെട്ടിടനിർമ്മാണ തൊഴിലാളിയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്ന് കുടുംബം

കൽപ്പറ്റ: കാട്ടിക്കുളം സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളി കോട്ടയിൽ കുഞ്ഞുമോൻ്റെ മരണം സംബന്ധിച്ച് വ്യക്തമായി അന്വേഷിക്കണമെന്ന് കുടുംബം . കാട്ടിക്കുളം എടയൂർക്കുന്ന് കോട്ടയിൽ കുഞ്ഞുമോൻ ഒക്ടോബർ 10 നാണ് ജോലിസ്ഥലത്ത് വച്ച് മരണപെട്ടത്. വീടിന് സമീപത്തെ പുഴവയലിൽ സൈനുദ്ധീൻ എന്ന വ്യക്തിയുടെ വീട്ടിൽ ജോലിക്കായി പോയ ശേഷം പിന്നെ മരണപെട്ട നിലയിലാണ് കണ്ടെത്തിയത്. വീട് നിർമ്മാണ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു എന്നാണ് പറയപെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച തെളിവുകൾ ഒന്നും അപകടസ്ഥലത്ത് കണ്ടിരുന്നില്ല. വാഹനവും ഡ്രൈവർമാരും സമീപത്ത് ഉണ്ടായിരുന്നിട്ടും അപകടം നടന്ന് അരമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇത് സംബന്ധിച്ച് തിരുനെല്ലി പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഷോക്കേറ്റാണ് മരണം എന്ന് പറയുന്നുണ്ട്. എന്നാൽ അപകടം നടന്ന വീട്ടുക്കാർ ഇന്നേവരെ എങ്ങനെയാണ് ഷോക്കേറ്റതെന്ന് പോലും പറയുന്നില്ല. ദൂരെ ഉള്ള ആളുകൾ പോലും സംഭവസ്ഥലത്തെത്തിയിട്ടും അഞ്ഞൂറ് മീറ്റർ മാത്രം അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിക്കാനും വൈകി. തങ്ങളിൽ നിന്നും എന്തോ മറച്ചുവയ്ക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഈ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.മരണശേഷം ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനോ വസ്തുതകൾ ബോധ്യപ്പെടുത്താനോ തൊഴിലുടമയുടെ വീട്ടിൽ നിന്നോ ആരും എത്തിയില്ല. കുഞ്ഞുമോന്റെ ഭാര്യയും സഹോദരിയും ഭാര്യാ സഹോദരനും മാതാവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സംഭവത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *