ഗോളും അസിസ്റ്റുമായി തിളങ്ങി ലെവന്‍ഡോസ്‌കി; അവസാനം വരെ പൊരുതിയ സൗദിയെ മറികടന്ന് പോളണ്ട്
ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യക്കെതിരെ പോളണ്ടിന് ജയം. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. ലെവയ്ക്ക് പുറമെ, പിയോറ്റ് സിലിന്‍സ്‌കിയാണ് മറ്റൊരു ഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഗോള്‍ വഴങ്ങിയെങ്കിലും പോളണ്ടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. സലേം അല്‍ദ്വസാറിയായിരുന്നു കിക്കെടുത്തിരുന്നത്.