ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ മല്ലു ട്രാവലർ
ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ ഷാക്കിർ സുബ്ഹാൻ എന്ന മല്ലു ട്രാവലർ. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ജാമ്യപേക്ഷയെ പൊലീസ് കോടതിയിൽ എതിർക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഷക്കീറിനെതിരെ ഇന്നലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു.
അതേസമയം പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിർ സുബ്ഹാൻ. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചിരുന്നു. നിലവിൽ കാനഡയിലുള്ള ഷാക്കിർ നാട്ടിൽ തിരിച്ചെത്തിയാലുടൻ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നാണ് ഒരു വിഡിയോയിലൂടെ അറിയിച്ചിരുന്നത്. എന്നാൽ ഷാക്കിറിന്റെ ന്യായീകരണങ്ങൾ വ്യാജമാണെന്ന് പരാതിക്കാരിയും മറ്റൊരു വിഡിയോയിലൂടെ വിശദീകരിച്ചിരുന്നു.