സൗജന്യ ചികിത്സയിൽ കേരളം ഒന്നാം സ്ഥാനത്ത്; ദേശീയ പുരസ്‌കാരം മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി
സൗജന്യ ചികിത്സയിൽ കേരളം ഒന്നാമതെത്തിയതിന്റെ ദേശീയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന പരിപാടിയിൽ വെച്ചാണ് അവാർഡ് കൈമാറിയത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 4.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡാണ് കേരളം സ്വന്തമാക്കിയത്.
സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡാണ് കേരളം കരസ്ഥമാക്കിയത്. ഇന്ത്യയിൽ ആകെ നൽകിയ സൗജന്യ ചികിത്സയിൽ 15 ശതമാനത്തോളം കേരളത്തിലാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ പദ്ധതി വിനിയോഗത്തിൽ മുന്നിൽ നിൽക്കുന്നത് കോഴിക്കോട്ടെയും കോട്ടയത്തെയും സർക്കാർ മെഡിക്കൽ കോളജുകളാണ്. ഒരു മണിക്കൂറിൽ 180 രോഗികൾക്ക് വരെ (1 മിനിറ്റിൽ പരമാവധി 3 രോഗികൾക്ക്) പദ്ധതിയുടെ ആനുകൂല്യം നൽകാൻ കഴിഞ്ഞതിനാലാണ് അവാർഡിനായി കേരളത്തെ തിരഞ്ഞെടുത്തത്. നിലവിൽ കേരളത്തിൽ 200 സർക്കാർ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലൂടെയും പദ്ധതിയുടെ സേവനം ലഭ്യമാണ്. കാസ്പ് രൂപീകരിച്ച് ഇതുവരെ 43.4 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ 1636.07 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി പരമാവധി പേർക്ക് ചികിത്സാ സഹായം നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സാ സഹായത്തിന് സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. കാസ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് (എസ്എച്ച്എ) രൂപം നൽകി. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിക്കുന്നതിനു എസ്എച്ച്എ വലിയ പങ്കാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു