സ്വപ്‌നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം; വീണ്ടും ചോദ്യം ചെയ്യും
സ്വപ്‌നയുടെയും സരിത്തിന്റെയും ഉൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വാട്‌സാപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി എൻഐഎ പരിശോധിക്കുന്നു. പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻ ഐ എ സംഘം വീണ്ടെടുത്തു. 2000 ജിബിയോളം വരുന്ന ഡിജിറ്റൽ തെളിവുകൾ എൻഐഎ പരിശോധിച്ചു
പ്രതികൾ നൽകിയ മൊഴികളും തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യം അന്വേഷണ സംഘം കണ്ടെത്തി. സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസ് അന്വേഷണത്തിലും കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇത് ഗുണം ചെയ്യുമോയെന്നാണ് എൻഐഎ പരിശോധിക്കുന്നത്.
എം ശിവശങ്കരനുമായി സ്വപ്‌നക്കുണ്ടായിരുന്ന ബന്ധം ഏതെങ്കിലും തരത്തിൽ സ്വർണക്കടത്തിനെ സഹായിച്ചിട്ടുണ്ടോയെന്നും പ്രത്യേകം പരിശോധിക്കും. സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.