കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി
തിരൂരങ്ങാടി: മക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍(36), മകന്‍ മുഹമ്മദ് ശംവീല്‍(ഏഴ്)) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മകന്‍ ശാനിബി(ഒമ്പത്)നെ അയല്‍വാസി രക്ഷപ്പെടുത്തിയിരുന്നു. ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍, ഫയര്‍ ഫോഴ്‌സ്, ഐആര്‍ഡബ്ല്യു, എസ് ഡിപിഐ വോളന്റിയര്‍മാര്‍ തിരച്ചിലിനു നേതൃത്വം നല്‍കി.
വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ഇസ്മാഈല്‍ തറവാട് വീട്ടില്‍ നിന്നു കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട്‌വച്ച് 18 ദിവസമായി താമസം മാറിയിച്ച്. വീട് താമസം മാറിയ അന്നുമുതല്‍ കുട്ടികള്‍ പുഴയില്‍ കുളിക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങിയങ്കിലും ഇസ്മാഈല്‍ സമ്മതിക്കാറില്ലായിരുന്നു. ഇന്നലെ കുളിക്കാന്‍ പോയ അയ ല്‍വാസിയായ കുട്ടിയോടൊപ്പം ഇവരെ പുഴ കാണിക്കാന്‍ കൊണ്ടുപോയതായിരുന്നു. ആദ്യം മുഹമ്മദ് ശംവീല്‍ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തിരയുന്നതിനിടെ ഇസ്മാഈലിനെയും കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്.
തുടര്‍ന്ന് തിരൂരങ്ങാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ നാട്ടുകാരും ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ടീം, പരപ്പനങ്ങാടി, തിരൂരങ്ങാടി ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍, എസ് ഡിപിഐ വോളന്റിയര്‍മാര്‍, തിരൂരങ്ങാടി പോലിസ്, ഐആര്‍ഡബ്ല്യു തുടങ്ങിയവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് ഉച്ചയോടെ കാണാതായ ഭാഗത്തിനു സമീപത്തുനിന്ന് കുട്ടിയുടെ മൃതദേഹം ഫയര്‍ റെസ്‌ക്യൂ ടീം കണ്ടടുത്തു. അതേസമയം, ശക്തമായ ഒഴുക്കുള്ള പുഴയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മുങ്ങി ത്തപ്പാന്‍ സാധിക്കാത്തതിലും അധികൃതരുടെ ഇടപെടല്‍ കാര്യക്ഷമമല്ലന്നും ആരോപിച്ച് മുന്‍സിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. അതിനിടെ, റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തി ഒഴുക്ക് തടഞ്ഞാല്‍ തിരച്ചില്‍ സുഗമമാവുമെന്ന് എസ് ഡിപിഐ നേതാക്കളായ ഹമീദ് പരപ്പനങ്ങാടി, ജമാല്‍ തിരൂരങ്ങാടി, ഹാരിസ് പാലത്തിങ്ങല്‍ എന്നിവര്‍ ജില്ല കലക്ടറെ അറിയിച്ചു.
ആദ്യം ഇക്കാര്യം വിസമതിച്ച അധികൃതര്‍ പ്രതിഷേധത്തിനൊടുവില്‍ ബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തിയതോടെ ഒഴുക്കിന് ശമനം വന്നു. പോലിസ് വിവരം സമരക്കാരെ അറിയിച്ചതോടെയാണ് ഏറെ നേരം തടസ്സപ്പെട്ട ഹൈവേ യാത്ര സുഗമമായത്. പിന്നീട് വൈകീട്ടോടെയാണ് പിതാവിന്റെ മൃതദേഹം കണ്ടെടുത്തത്. അബൂദബിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇസ്മാഈല്‍ അടുത്ത ഡിസംബറില്‍ തിരിച്ചു പോവാനിരിക്കെയാണ് അപകടം. മാതാവ്: മമ്മാത്തു. ഭാര്യ: സാജിത പാണ്ടികശാല.