സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യൂട്യൂബറെ കൈയേറ്റം ചെയ്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം
സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ ദേഹത്ത് കരിമഷി ഒഴിച്ചും മർദ്ദിച്ചും നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം. റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവർ പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. പ്രതിഷേധത്തെ തുടർന്ന് ഇയാൾ വീഡിയോയിൽ മാപ്പ് പറയുകയും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾ നീക്കം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.
ഡോ. വിജയ് പി നായര്‍ എന്ന ആള് നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്കും പരാതി നല്കി.
വിട്രിക്സ് സീൻസ് എന്ന യൂട്യൂബ് ചാനലിലൂടെ ഡോ. വിജയ് പി നായര്‍ അശ്ലീല പരാമർശങ്ങൾ നടത്തുകയും പ്രമുഖരായ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർ പേഴ്സൺ, ഭാഗ്യലക്ഷ്മി തുടങ്ങിയവരെ അധിക്ഷേപിച്ച് ഇയാൾ വീഡിയോ ഇറക്കിയതിന് പിന്നാലെ ആണ് ഇയാളുടെ ഓഫീസിലെത്തി കരിമഷി ഒഴിക്കുകയും കൈയേറ്റം ചെയ്തതും. പ്രതിഷേധത്തിന്റേതായ വീഡിയോയിൽ ഭാഗ്യലക്ഷ്മി ദിയ സന തുടങ്ങിയവരെ കാണാം.
യൂട്യൂബര്‍ക്ക് നേരെ കരിമഷി ഒഴിച്ചതും മറ്റും സംസ്ഥാനത്ത് നിയമവ്യവസ്ഥ ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണെന്നും സൈബര്‍ നിയമമില്ലാത്തത് കൊണ്ടാണെന്നും ഭാഗ്യലക്ഷ്മിയും ദിയ സനയും വീഡിയോയിൽ പറഞ്ഞു.