കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മരിച്ചത് 8 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി മെലാനികുന്ന് മുഹമ്മദ്(62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കെഎംസിടി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാൾ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
നേരത്തെ ആലപ്പുഴയിൽ രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാഫലത്തിലാണ് ഇവർക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകൾക്കും അടക്കം കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 61 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വർഗീസ്(71), തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദർ (71), കാസർകോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ, കോഴിക്കോട് കാരപ്പറമ്പിൽ വെള്ളിയാഴ്ച മരിച്ച 50 വയസുള്ള ഷാഹിദ(50), എന്നിവരുടേതാണ് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾ.