Thursday, April 10, 2025
Kerala

‘ഓലപ്പാമ്പിനെ കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഐഎം’; കെ. സുധാകരന് മറുപടിയുമായി എം. വി. ഗോവിന്ദൻ

ഓലപ്പാമ്പിനെ കാണിച്ചാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മും ദേശാഭിമാനിയുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. തനിക്കെതിരെ നടത്തിയ പോക്സോ പരാമർശത്തിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശാഭിമാനിക്കെതിരെയും കേസ് കൊടുക്കുമെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സുധാകരനെതിരെയുള്ള കേസിനെ പ്രതിപക്ഷം രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നതിൽ അർഥമില്ല. തട്ടിപ്പ്, വഞ്ചന കേസുകൾ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുക. ജനങ്ങളുടെ പിന്തുണ കിട്ടില്ല. പോക്സോ കേസിലെ പ്രതി മോൻസൻ അടുത്ത സുഹൃത്തെന്ന് കെ സുധാകരൻ പറയുന്നു. കെ.സുധാകരൻ മോൻസണെ തള്ളിപ്പറയാത്തത് രഹസ്യങ്ങൾ പുറത്തുവിടുമെന്ന ഭയം മൂലമാണ്. തനിക്കെതിരെയും താൻ പറഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ സുധാകരൻ തന്നെ പറഞ്ഞിട്ടുണ്ട്. തെളിവുകൾ എല്ലം സുധാകരന് എതിരാണ്. ഇതിൽ രാഷ്ട്രീയ പകപോക്കൽ ഒന്നും ഇല്ല. ജനങ്ങളുടെ മുൻപിൽ കെപിസിസി അധ്യക്ഷൻ പരിഹാസ്യനായി നിൽക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.

പുനർജനി പദ്ധതിയിൽ തട്ടിപ്പ് നടന്നു എന്ന ആരോപണം ഉയർത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതിപക്ഷനേതാവിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പ്രതിപക്ഷ നേതാവ് പണം പിരിച്ചു. എന്നാൽ, കാര്യമായി വീട് വെച്ച് നൽകിയില്ല. ലൈഫ് പദ്ധതിക്ക് പുനർജനി ബോർഡ് വെച്ചുവെന്ന് പരാതിയുണ്ട്. പുനർജനി വീട് നിർമ്മാണത്തിൽ ക്രമക്കേട് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വലിയ തട്ടിപ്പ് നടന്നുവെന്നാണ് വിവാദങ്ങളിൽ പുറത്തുവരുന്ന വെളിപ്പെടുത്തൽ. കെ. സുധാകരനെ വി. ഡി. സതീശൻ പിന്തുണക്കുന്നത് തനിക്കും ഇതേ ഗതി എന്ന് ചിന്തിക്കുന്നത് കൊണ്ട് എന്നും ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *