Friday, January 3, 2025
Kerala

കേരളത്തിൽ സംഘർഷം, പാറ്റ്നയിൽ സഹകരണം: കെ സുധാകരന്റെ അറസ്റ്റിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

തട്ടിപ്പ് കേസിൽ കെ സുധാകരൻ അറസ്റ്റിലായത് കോൺഗ്രസിന് അപമാനമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. എംപി സ്ഥാനത്തും കെപിസിസി അധ്യക്ഷ സ്ഥാനത്തും സുധാകരൻ തുടരണോയെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിക്കണം. രാഷ്ട്രീയ ധാർമികതയുണ്ടോ എന്ന് പ്രതിപക്ഷനേതാവും കോൺഗ്രസ് നേതൃത്വവും വിശദമാക്കണം. തട്ടിപ്പുകാരനുമായി സുധാകരന് എന്താണ് ബന്ധമെന്നും വി മുരളീധരൻ ചോദിച്ചു.

പോക്സോ കേസ് പ്രതിയുമായി എന്ത് ബന്ധമാണ് സുധാകരനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹിയിലും കോൺഗ്രസിന് പോക്സോ കേസിൽ ഇതേ നിലപാടാണോ? അവസരവാദവും കള്ളത്തരവുമാണ് കോൺഗ്രസിനും സിപിഎമ്മിനും. കേരളത്തിൽ സംഘർഷവും പാട്നയിൽ സഹകരണവും ആണോയെന്ന് ഇരുകൂട്ടരും ജനങ്ങളോട് വിശദമാക്കണം. കേരളത്തിൽ ബിജെപിക്കെതിരെ കേസെടുത്താൽ നേരിടുമെന്ന് പറഞ്ഞ വി മുരളീധരൻ, കെ സുരേന്ദ്രനെതിരായ കേസുകളെ നിയമപരമായാണ് നേരിടുന്നതെന്നും വ്യക്തമാക്കി.

രാഷ്ട്രീയമായ പ്രശ്നത്തിന്റെ പേരിലല്ല കെ സുധാകരന്റെ അറസ്റ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തട്ടിപ്പ് കേസിലാണ് നടപടി. സുധാകരൻ പദവി ഒഴിയണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടില്ല. അത് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. കെ സുധാകരനെതിരെ കൃത്യമായ തെളിവുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരടക്കം പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആരെയും കേസിൽ കുടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കുടുക്കിയാൽ ആരെങ്കിലും കുടുങ്ങുമോയെന്നും എം വി ഗോവിന്ദൻ ദില്ലിയിൽ ചോദിച്ചു.

അതിനിടെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നിൽക്കാമെന്ന് കെ.സുധാകരൻ ഇന്ന് പറഞ്ഞു. കെ സുധാകരൻ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാർട്ടി നേതാക്കളുടെ തീരുമാനം. നേരത്തെ ആരോഗ്യപ്രശ്നം കാരണം സുധാകരൻ മാറണമെന്ന ആവശ്യം ഉയർത്തിയ എ- ഐ ഗ്രൂപ്പ് നേതാക്കളും നിലവിൽ മാറ്റം വേണ്ടെന്ന നിലപാടെടുത്തു.

­

Leave a Reply

Your email address will not be published. Required fields are marked *