പാർട്ടിക്ക് വേണ്ടി തൂലിക പടവാളാക്കിയ പ്രവർത്തകൻ; സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫിസിൽ തന്നെ ഒടുവിൽ അന്ത്യവും ; മരണവും ഒരു സമരമാണെന്ന് എഴുതിവച്ചുകൊണ്ട് അവസാന യാത്ര
സാമൂഹിക പ്രവർത്തകനും മാധ്യമ പ്രവർത്തകനും, സിപിഐഎം പാർട്ടി അംഗവുമായി റസാഖ് പയാമ്പ്രോട്ടിന്റെ പെട്ടെന്നുണ്ടായ വിയോഗത്തിന്റെ ഞെട്ടലിലാണ് പുളിക്കൽ പഞ്ചായത്ത്. പതിറ്റാണ്ടുകളായി പാർട്ടിക്ക് വേണ്ടി ജീവിച്ച റസാഖ് ഒടുവിൽ പാർട്ടി ഭരണമുള്ള സിപിഐഎം പഞ്ചായത്ത് ഓഫിസിൽ തന്നെ ഒരു മുഴം കയറിൽ ജീവനൊടുക്കി. തന്റെ വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്തുമായി തർക്കത്തിലായിരുന്നു. ഇതിനിടെയാണ് പരാതികളും രേഖകളും കഴുത്തിൽ കെട്ടി തൂക്കി ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവും ഒരു സമരമാണെന്ന കുറിപ്പെഴുതി വച്ചിട്ടാണ് തന്റെ ജീവിതത്തിന് റസാഖ് അന്ത്യം കുറിച്ചത്.
സിപിഐഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാൻ പാർട്ടിക്ക് എഴുതി നൽകിയ വ്യക്തികളാണ്. സാമൂഹിക പ്രവർത്തനത്തിന് പുറമെ കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾ ടി.വി ചാനലും നടത്തിയിരുന്നു റസാഖ്. ‘വര’ എന്ന സമാന്തര മാസികയുടെ പത്രാധിപർ കൂടിയായിരുന്നു.
ഏതാനും മാസം മുൻപാണ് റസാഖിന്റെ സഹോദരൻ മരണമടയുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളായിരുന്നു സഹോദരന്റെ മരണകാരണം. വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് സഹോദരന്റെ ആരോഗ്യം മോശമാകാൻ കാരണമെന്ന് ആരോപിച്ച് റസാഖ് തുടർച്ചയായി നൽകിയിരുന്ന തെളിവുകളും പരാതികളും പഞ്ചായത്ത് അധികൃതർ പരിണിഗിച്ചിരുന്നില്ല. തന്റെ ജ്യേഷ്ഠൻ മരിച്ചിട്ട് പഞ്ചായത്ത് അംഗങ്ങൾ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് റസാഖ് സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു.
സിപിഐഎം ഭരിക്കുന്ന പഞ്ചായത്താണ് പുളിക്കൽ. പുളിക്കൽ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ശാല വന്നത് മുതൽ പഞ്ചായത്തിലെ അന്തരീക്ഷ വായു മലിനമായെന്ന് റസാഖ് ആരോപിച്ചിരുന്നു. അതിനെതിരായ പോരാട്ടത്തിലായിരുന്നു റസാഖും ജ്യേഷ്ഠനും. ജ്യേഷ്ഠന്റെ മരണത്തോടെ ഒരു ശല്യം ഒഴിഞ്ഞുകിട്ടിയെന്ന നിലപാടിലായിരുന്നു പഞ്ചായത്തെന്നും രൂക്ഷ ഭാഷയിൽ റസാഖ് വിമർശിച്ചിരുന്നു. വ്യവസായങ്ങളെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്ന എംഎസ്എംഇയെ പ്ലാസ്റ്റിക് മാലിന്യ മാഫിയ ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 2020 മുതൽ പുളിക്കൽ പഞ്ചായത്ത് വാർഡ് 14/272 ആ യിൽ നടക്കുന്ന സംരംഭമെന്ന് ആരോപിച്ചുകൊണ്ടായിരുന്നു റസാഖിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്. എംഎസ്എംഇയിൽ പിസിബി അനുവദിച്ചത് പ്രതിദിനം 100 കിലോഗ്രാം സംഭരണത്തനും സംസ്‌ക്കരണത്തിനുമാണ്. കാരണം പുളിക്കൽ എന്നത് ജനവാസ മേഖലയാണ്. എന്നാൽ പ്രദേശത്ത് നടക്കുന്നത് എംഎസ്എംഇയുടെ പേരിൽ പ്രതിമാസം ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണെന്നായിരുന്നു റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാൽ റസാഖിന്റെ പരാതികൾക്കോ, അനുബന്ധ തെളിവുകൾക്കോ അധികൃതർ മുഖം നൽകിയില്ല. അവഗണനകൾ മാത്രം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തന്റെ പരാതികളും രേഖകളും കഴുത്തിൽ കെട്ടിത്തൂക്കി റസാഖ് ആത്മഹത്യ ചെയ്യുന്നത്.
തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാല്യന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്‌നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത റസാഖിന് നീതി ലഭിക്കണമെന്ന് ആഹ്വാനം ചെയ്ത് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.