Tuesday, April 15, 2025
Kerala

ബഫർ സോൺ; സിപിഐഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രിം കോടതിയിലേക്ക്

ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച പഞ്ചായത്ത് പ്രത്യേക യോഗം വിളിച്ചു. പ്രത്യേക ഗ്രാമ സഭകൾ വിളിച്ചു ചേർക്കും. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടതോടെയാണ് നടപടി.

അതേസമയം ബഫർസോൺ സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ് ഡെസ്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്നു തീരുമാനം വരും. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. ഒപ്പം 88 പഞ്ചായത്ത് പ്രസിഡന്‍റുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈൻ വഴി പങ്കെടുക്കും.

ബഫർ സോൺ വിഷയത്തിൽ താമരശ്ശേരി രൂപതയും കോൺഗ്രസും സമരം ശക്തമാക്കിയതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐഎം. നാളെ കൂരാച്ചുണ്ടിൽ ജനകീയ കൺവെൻഷൻ നടത്തും. കഴിഞ്ഞ ദിവസം സഭയുടെ സമരത്തിൽ സിപിഐഎം പ്രാദേശിക നേതാക്കൾ പങ്കെടുത്തത് പാർട്ടിയുടെ അനുമതിയോടെയാണെന്ന് ലോക്കൽ സെക്രട്ടറി വ്യക്തമാക്കി.

ബഫ‍ർ സോൺ വിഷയത്തിൽ താമരശ്ശേരി രൂപതയുടെ കീഴിലുള്ള കർഷക അതിജീവന സമിതി കഴിഞ്ഞ ദിവസം കൂരാച്ചുണ്ടിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെ കോൺഗ്രസും സമര രംഗത്തിറങ്ങി. കോൺഗ്രസ്‌ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയത്തോടെയാണ് പ്രതിരോധിക്കാൻ സി പി ഐ എം തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *