രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ നിർബന്ധിച്ചാണ് യുവം കോൺക്ലേവിലെത്തിച്ചത്; ഡിവൈഎഫ്ഐ
കൊച്ചിയിലെ യുവം പരിപാടിയിൽ അറിയിച്ച പോലെ സംവാദമുണ്ടായില്ലെന്നും പ്രധാനമന്ത്രി കേരളത്തിലെ യുവജനങ്ങളെ പറഞ്ഞുപറ്റിച്ചുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഏകപക്ഷീയമായ രാഷ്ട്രീയ പൊതുയോഗം മാത്രമായി പരിപാടി മാറി. രാഷ്ട്രീയ പരിപാടി അല്ല എന്ന് പറഞ്ഞ് പല സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ നിർബന്ധിച്ചാണ് പരിപാടിക്ക് എത്തിച്ചതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു.
പറഞ്ഞു പറ്റിച്ചാണ് യുവാക്കളെ പരിപാടിയിൽ എത്തിച്ചത്. യുവം പരിപാടി കാറ്റുപോയ ബലൂൺ പോലെ ആയി. കേരളത്തിൽ തൊഴിലില്ലെന്ന ബിജെപി വാദം വസ്തുതാവിരുദ്ധമാണ്. ഗുജറാത്തിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി നടത്തിയ നിയമനങ്ങൾ എത്രയാണെന്ന് പ്രധാനമന്ത്രി പറയണം. കേന്ദ്രം നൽകിയ സ്ഥിരം നിയമങ്ങൾ വളരെ കുറവാണ്. കേരളത്തിന്റെ സിനിമാ മേഖലയിൽ രാഷ്ട്രീയ ചാഞ്ചാട്ടമില്ലെന്നും വിരലിലെണ്ണാവുന്ന ആളുകളാണ് യുവം പരിപാടിയിൽ എത്തിയതെന്നും വികെ സനോജ് വ്യക്തമാക്കി.
കൊച്ചിയില്‍ സംഘടിപ്പിച്ച യുവം എന്ന പരിപാടി ബിജെപിയുടെ വെറും രാഷ്ട്രീയ സമ്മേളനം മാത്രമായിപ്പോയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയും ആരോപിച്ചു. ഈ പരിപാടിയുടെ പേരില്‍ വലിയ പ്രതീക്ഷയാണ് പ്രധാനമന്ത്രി യുവാക്കള്‍ക്ക് സമ്മാനിച്ചത്. നരേന്ദ്ര മോദിയുടെ വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് അപ്പുറം കേരളത്തിലെ യുവജനതയ്ക്ക് പ്രതീക്ഷ പകരുന്നതൊന്നും യുവം പരിപാടിയിലില്ലായിരുന്നു. ബിജെപി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.