വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്; സമയലാഭം അരമണിക്കൂർ മാത്രം, ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ഇ പി
തിരുവനന്തപുരം: വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേ ഭാരതിന് അര മണിക്കൂർ മാത്രമാണ് സമയ ലാഭം കിട്ടുന്നതെന്ന് വിമര്‍ശിച്ച ഇ പി ജയരാജൻ, ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. മറ്റ് ട്രെയിനുകളുടെ സമയം മാറ്റാതെ വന്ദേ ഭാരത് സർവീസ് നടത്തിയാൽ നല്ല കാര്യമാണെന്ന് പറഞ്ഞ ഇ പി, 110 കിലോ മീറ്റർ വേഗതയിൽ ട്രെയിൻ ഓടിയാൽ അധിക കാലം ട്രാക്ക് ഉണ്ടാകില്ലെന്നും പരിഹസിച്ചു. ശംഖുമുഖത്ത് നടന്ന ഡിവൈഎഫ്ഐ യുവസംഗമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.
നാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ യുവം പരിപാടിക്കെതിരെയാണ് ഡിവൈഎഫ്ഐ യുവസംഗമ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായിട്ടാണ് ഡിവൈഎഫ്ഐ പരിപാടി. മന്‍കി ബാത്ത് മാത്രം നടത്തുന്ന പ്രധാനമന്ത്രി തിരിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് യങ് ഇന്ത്യ ക്യാംപയിന്‍. തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയുള്ള ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉയര്‍ത്തുന്നത്. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനുമാണ് ഉദ്ഘാടനം ചെയ്തത്.