‘പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോള്‍ ഇതല്ല, ഇതിനപ്പുറവും നടക്കും’; ഹില്‍ പാലസ് സ്റ്റേഷനില്‍ മനോഹരന്റേത് കസ്റ്റഡി മരണമെന്ന് വി.ഡി സതീശന്‍
ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വഴിയിലൂടെ പോകുന്ന ആളുകളെ തല്ലാന്‍ പൊലീസിന് ആരാണ് അധികാരം കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരാള്‍ തെറ്റ് ചെയ്താന്‍ പൊലീസിന് ഫൈന്‍ അടപ്പിക്കാം. ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പൊലീസ് ഇത്രമാത്രം കുഴപ്പങ്ങള്‍ കാണിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
‘വഴിയിലൂടെ പോകുന്ന ആളുകളെ തല്ലാന്‍ ഈ പൊലീസിന് ആരാണ് അധികാരം കൊടുത്തിരിക്കുന്നത്? എന്ത് അധികാരമാണ് പൊലീസിനുള്ളത്? ഇതൊന്നും കേരളത്തിന് നടക്കില്ല. ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പൊലീസ് ഇത്രമാത്രം കുഴപ്പങ്ങള്‍ കാണിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. രാത്രി അമ്മയെ ആക്രമിച്ചു എന്ന് പറഞ്ഞിട്ട് ഒരു മകള്‍ ആശുപത്രിയില്‍ നിന്ന് വിളിക്കുമ്പോള്‍ പന്ത്രണ്ടരയ്ക്ക് സ്റ്റേഷനില്‍ വന്ന് മൊഴി കൊടുക്കാന്‍ പറയുന്ന പൊലീസാണ് കേരളത്തിലുള്ളത്.
എന്നിട്ടും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ മുഖ്യമന്ത്രി ഞെളിഞ്ഞിരിക്കുകയാണ്. പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോള്‍ അതിനപ്പുറവും നടക്കും. ഒരു കമ്മീഷണര്‍ വിചാരിച്ച സിഐയെ മാറ്റാന്‍ പറ്റില്ല. ഐജി വിചാരിച്ചാലും പറ്റില്ല. കാരണം സിഐയെ വച്ചിരിക്കുന്നത് പാര്‍ട്ടി ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഒക്കെയാണ്.’. വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി വാഹന പരിശോധനയ്ക്കിടെയാണ് ഹില്‍ പാലസ് പൊലീസ് ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വച്ച് തന്നെ മനോഹരന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മനോഹരനെ പൊലീസ് മര്‍ദിച്ചു എന്നാരോപിച്ച് സഹോദരന്‍ വിനോദ് രംഗത്തെത്തി. പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന്‍ വ്യക്തമാക്കി. എന്നാല്‍ മനോഹരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുന്‍പിലാണ് മനോഹരന്‍ കുഴഞ്ഞുവീണതെന്നുമാണ് ഹില്‍പാലസ് പൊലീസിന്റെ വിശദീകരണം. അതേസമയം സംഭവത്തില്‍ എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.