ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷന്റെ വാഹനം നാട്ടുകാർ തടഞ്ഞു; കോർപ്പറേഷന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഉമാ തോമസ്
ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി കോർപ്പറേഷന്റെ വാഹനം നാട്ടുകാർ തടഞ്ഞു. ഹെൽത് ഡിപ്പാർട്മെന്റിന്റെ വാഹനമാണ് തടഞ്ഞത്. ബ്രഹ്മപുരത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നതിനിടെ ഉമാ തോമസ് എം.എൽ.എ എത്തിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം വീണ്ടും ബ്രഹ്മപുരത്തു എത്തിച്ചു എന്നാണ് നാട്ടുകാരുടെ ആരോപണം.
ഉണ്ടായിരുന്ന ഫയർ യൂണിറ്റുകളിൽ വെള്ളം ഉണ്ടായിരുന്നില്ലെന്നും രണ്ടാം തീപിടിത്തത്തിലും കോർപ്പറേഷന് ഗുരുതര വീഴ്ചയുണ്ടായെന്നും ഉമ തോമസ് എം.എൽ.എ ആരോപിച്ചു. വേദന അനുഭവിക്കുന്നവരുടെ ദുഃഖം സർക്കാർ കാണണം. തീപിടിത്തം തടയാൻ എടുത്ത നടപടികൾ നടപ്പായിട്ടില്ലെന്ന് വ്യക്തമാണ്. കളക്ടർ സ്ഥലം നേരിട്ട് സന്ദർശിച്ചിട്ടുമില്ല. തീ അണഞ്ഞു എന്ന് മണിക്കൂറുകൾ ആയി മേയർ പറയുന്നുണ്ട്. ഇപ്പോഴും പുക കെട്ടിട്ടില്ലെന്നും ഉത്തരവാദിത്തപെട്ടവർ സ്ഥലത്ത് നേരിട്ടത്തി കാര്യങ്ങൾ വിലയിരുത്തണമെന്നും അവർ വ്യക്തമാക്കി.
ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറയുന്നത്. ബ്രഹ്മപുരത്തെ സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്താണ് തീ പിടുത്തമുണ്ടായത്. തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തെത്തി തീ അണച്ചതെന്നും കളക്ടര്‍ അറിയിച്ചു.
തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നി രക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടുത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ. എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. സെക്ടര്‍ ഒന്നില്‍ വലിയതോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്.