ഇന്ന് തന്നെ തീയണക്കുമെന്ന് കളക്ടർ; അണച്ചെന്ന് മന്ത്രി; ബ്രഹ്മപുരത്ത് നാട്ടുകാരുടെ പ്രതിഷേധം
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും അറിയിച്ചു. ഇന്ന് തന്നെ പൂർണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. തീ നിയന്ത്രണവിധേയമെന്ന് ഫയർ ഫോഴ്സ് അറിയിച്ചതായി മേയർ പറഞ്ഞു. അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി മാറ്റുന്നു. പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്. രണ്ട് ഫയർ യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.
അതേ സമയം ബ്രഹ്മപുരത്തെ തീ അണച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇനി അവശേഷിക്കുന്നത് പുക മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. തീ പിടിച്ചതിൽ ദുരൂഹതയെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉറപ്പുകൾ ലംഘിച്ച് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നുണ്ട് എന്ന് നാട്ടുകാർ വെളിപ്പെടുത്തി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ഇളക്കി മാറ്റുകയാണ് ചെയ്യുന്നത്. പ്രദേശത്ത് വൻതോതിൽ പുക ഉയരുന്നുണ്ട്. പ്രദേശവാസികൾ പുക ഉയരുന്നതിന്റെ ബുദ്ധിമുട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു.
കൂടുതല്‍ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ശക്തമായി തുടരുന്നുണ്ട്. കൂടുതല്‍ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സെക്ടര്‍ ഒന്നില്‍ മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.