Friday, April 18, 2025
Kerala

വേമ്പനാട്, അഷ്ടമുടി കായലുകളിൽ മലിനീകരണം; കേരളത്തിന് 10 കോടി രൂപ പിഴയിട്ട് ദേശീയ ഗ്രീൻ ട്രൈബൂണൽ

കായൽ സംരക്ഷണത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ ദേശീയ ഗ്രീൻ ട്രൈബൂണൽ കേരളത്തിന് 10 കോടി രൂപ പിഴയിട്ടു. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാനും ഗ്രീൻ ട്രൈബൂണൽ സർക്കാരിനോട് നിർദേശിച്ചു. 10 കോടി രൂപ ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കർമപദ്ധതി തയ്യാറാക്കുകയും വേണമെന്ന് നിർദേശമുണ്ട്.

ആറുമാസത്തിനുള്ളിൽ കർമപദ്ധതി നടപ്പാക്കണമെന്നാണ് ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നത്. അതിനുള്ളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് പിഴത്തുക ഈടാക്കണം. പരിസ്ഥിതിപ്രവർത്തകനായ കെ.വി. കൃഷ്ണദാസാണ് സർക്കാരിനെതിരേ ഹരിത ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്തിരുന്നത്.

ജസ്റ്റിസ് ആദർശ്കുമാർ ഗോയൽ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിഷയവിദഗ്ധൻ ഡോ. എ. സെന്തിൽവേൽ എന്നിവരുൾപ്പെട്ട ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തണ്ണീർത്തടങ്ങൾ കൂടിയായ വേമ്പനാട്, അഷ്ടമുടി കായലുകൾക്ക് ചുറ്റുമുള്ള സ്ഥാപനങ്ങളും കേരള സർക്കാരും മാലിന്യസംസ്കരണം കൃത്യമായി നടത്തുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ട്രിബ്യൂണലിന്റെ വിലയിരുത്തൽ.

വേമ്പനാട്, അഷ്ടമുടി കായലുകലെ വെള്ളം പരിശോധിച്ചപ്പോൾ 100 മില്ലിലിറ്ററിൽ രണ്ടായിരത്തി അഞ്ഞൂറിലധികം കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിരുന്നു. 100 മില്ലിലിറ്റർ വെള്ളത്തിൽ അഞ്ഞൂറിൽ താഴെയായിരിക്കണം കോളിഫോം ബാക്ടീരിയയുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *