74ാം റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാകയുയര്‍ത്തി. മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.
വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. ഭാരതീയ വായു സേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി. നിയമസഭയില്‍ 9.30 ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാകയുയര്‍ത്തി. മറ്റ് ജില്ലകളില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ നടന്നു.
ഭരണഘടനയുടെ പ്രാധാന്യമുള്‍ക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യമുണ്ട്.അവ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്ന കേന്ദ്ര പ്രമേയമാക്കി ഉരുവിന്റെ മാത്യകയില്‍ ബേപ്പൂര്‍ റാണി എന്ന പേരിലാണ് കേരളത്തിന്റെ ടാബ്ലോ ഇന്ന് കര്‍ത്തവ്യപഥില്‍ പ്രദര്‍ശിപ്പിച്ചത്.