കോഴിക്കോട് രണ്ട് പേർ മരിച്ച നിലയിൽ; ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാളുടെ കഴുത്തറുത്ത നിലയിലും
കോഴിക്കോട് കായക്കൊടിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റേയാളുടെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. വണ്ണാത്തിപ്പൊയിൽ സ്വദേശി ബാബുവിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലും അയൽവാസിയായ രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിൻ്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ തൊട്ടിൽപാലം പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രാവിലെ 8 മണിക്ക് ശേഷമാണ് വീട്ടിലെ കിടപ്പുമുറിയിൽ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ശരീരത്തിൽ നിന്ന് വിട്ട് പോയ നിലയിലും കുടൽ മാല പുറത്തിട്ട നിലയിലുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ബാബുവിൻ്റെ മക്കളാണ് ഉണ്ടായിരുന്നത്. ഹോട്ടൽ ജീവനക്കാരനായ ബാബു രാവിലെ മൂന്ന് മണിയോടെ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. പുറത്തായിരുന്ന ഭാര്യ തിരികെയെത്തിയപ്പോൾ ബാബുവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് പരിശോധന നടത്തവേ ചോരപ്പാടുകൾ കണ്ടെത്തിയ പൊലീസ് ഇത് പിന്തുടർന്നു. അങ്ങനെ രാജീവൻ്റെ വീട്ടിലെത്തിയ പൊലീസ് വീടിൻ്റെ പിന്നിലുള്ള വിറകുപുരയിൽ രാജീവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.