ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച്; നാളെ അപേക്ഷ നൽകും
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം പറയുന്നു. നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും
പ്രതികളുടെ ഫോൺ ഇന്നുച്ചയ്ക്ക് രണ്ടരക്ക് മുമ്പായി ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. ഇവ ശാസ്ത്രീയ പരിശോധനക്കായി അഭിഭാഷകനെ ഏൽപ്പിച്ചെന്നാണ് വിശദീകരണം. ഫോൺ ഹാജരാക്കില്ലെന്ന വിവരം ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിക്കും.
ദിലീപിനെയും കൂട്ടുപ്രതികളെയും മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ നേരം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.