അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തുകയായിരുന്ന നൂറ് കിലോ കഞ്ചാവ് പിടികൂടി
എറണാകുളം അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന നൂറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശികളാണ് അറസ്റ്റിലായ മൂന്ന് പേരും
പുലർച്ചെ രണ്ട് മണിയോടെ നടന്ന വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി ചന്തു, തൊടുപുഴ പെരുമ്പള്ളിച്ചിറ ചെളികണ്ടത്തിൽ വീട്ടിൽ നിസാർ, തൊടുപുഴ ഇടവെട്ടി മറ്റത്തിൽ വീട്ടിൽ അൻസൻ ഷംസുദ്ദീൻ എന്നിവരാണ് പിടിയിലായത്.
രണ്ട് വാഹനങ്ങളുടെ ഡിക്കിയിലും പിൻസീറ്റിന്റെ അടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ആവോലിയിലെ ഒരു വീട്ടിൽ നിന്ന് 35 കിലോ കഞ്ചാവും പിടികൂടി