കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷൻ നടപടി; രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല
കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷൻ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിമർശനം മാത്രമാണ് ഉണ്ടായത്. അതെങ്ങനെ വ്യക്തിപരവും സ്ത്രീവിരുദ്ധവുമാകുമെന്ന് അദ്ദേഹം ചോദിച്ചു.
മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിന് കേസെടുത്ത നടപടി സിപിഐഎമ്മിന്റെ പകപോക്കലിന്റെ ഭാഗമാണ്. ഇത് രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് മുൻ ആരോഗ്യമന്ത്രിയോളം പോലും കഴിവില്ലെന്ന് പ്രസംഗിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതെങ്ങനെയാണെന്നും ചെന്നിത്തല.
സ്ത്രീകളും പെൺകുട്ടികളും ശാരീരിക പീഡനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഇരയാകുമ്പോൾ ഉറങ്ങിക്കിടക്കുന്ന കമ്മീഷൻ ഷാജിക്കെതിരെ കേസെടുക്കുന്നതിന്റെ ചേതോവികാരം സാമാന്യബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും. വാളയാർ സംഭവം മുതൽ ഉമ്മൻചാണ്ടിയുടെ പെൺമക്കളെ വേട്ടയാടുന്നത് വരെയുള്ള സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്മീഷൻ രാഷ്ട്രീയമായി അധഃപതികാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണം. ഷാജി ഇത്തരം വേട്ടയാടലിനെ പേടിക്കുന്ന ആളല്ലെന്ന് സി.പി.എം ഓർക്കുന്നത് നല്ലതാണെന്നും ചെന്നിത്തല പറഞ്ഞു.