എം.വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്: കെ.സുധാകരൻ ഇന്ന് മൊഴി നൽകും
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകീർത്തി സൃഷ്ടിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം. ഇതിനെതിരെയാണ് സുധാകരൻ അപകീർത്തിക്കേസ് നൽകിയത്.
ദേശാഭിമാനിക്കെതിരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെയും മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരുന്നതിനാലാണ് കെ സുധാകരന് നേരത്തെ മൊഴി നൽകാൻ സാധിക്കാതിരുന്നത്.