Saturday, January 4, 2025
Kerala

മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാർ ഇന്ന് ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാവും. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറും. കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

കേസിൽ നാളെ വിയ്യൂർ ജയിലിൽ എത്തി മോൻസണെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. 23ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് കെ.സുധാകരന് നോട്ടീസ് നൽകിയിരിക്കുന്നത്. മോൻസണ്‍ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.

17കാരിയെ മോൻസൻ പീഡിപ്പിച്ചപ്പോൾ ആ വീട്ടിൽ സുധാകരൻ ഉണ്ടായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ആരോപിച്ചിരുന്നു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണം കെ സുധാകരൻ പൂർണമായും തള്ളി. മനസാ വാചാ തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നുമാണ് സുധാകരൻ തിരിച്ചടിച്ചത്. ഇര നൽകാത്ത മൊഴി സിപിഐഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *