മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജം; ജനസംഖ്യാ അനുപാതം നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കുറച്ചു കാലം കൂടി നമുക്കൊപ്പമുണ്ടാക്കുമെന്നാണ് കാണേണ്ടതെന്നും അത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണെന്നും അതിനർത്ഥം കൂടുതൽ പേർക്ക് ഇനിയും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ എത്രയും വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.