Sunday, January 5, 2025
Kerala

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗ മുന്നറിയിപ്പുകള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ല. കൊവിഡ് വൈറസ് തരംഗം സ്വാഭാവികമായി ഉണ്ടാകുകയല്ല, നിയന്ത്രണത്തിലുണ്ടാകുന്ന പാളിച്ചകളിലാണ് മൂന്നാം തരംഗം ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആഗോളാന്തരയാത്രകള്‍ മുന്‍കാലങ്ങളെക്കാള്‍ വളരെ വര്‍ധിച്ചിട്ടുള്ളത് കൊണ്ട് പകര്‍ച്ചാ നിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഒരു രാജ്യത്തിനോ ഭൂഖണ്ഡത്തിനോ മാത്രമായി സാധ്യമല്ല. വിദേശരാജ്യങ്ങളിലെ രണ്ടാം തരംഗം അവസാനിച്ച് കഴിഞ്ഞാണ് ഇന്ത്യയില്‍ രണ്ടാം തരംഗം ആരംഭിച്ചത്’ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘രോഗ പ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാന്‍ സമൂഹത്തില്‍ കുറഞ്ഞത് 60% പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. ഇതിനകം ആല്‍ഫ, ബീറ്റ, ഗാമ ഡെല്‍റ്റ എന്നിങ്ങനെ നാലുതരം വൈറസ് വകഭേദങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. ഇതില്‍ ഡെല്‍റ്റ വകഭേദം വ്യാപന നിരക്ക് വളരെ കൂടിയതും രോഗപ്രതിരോധത്തെ അതിജീവിക്കാന്‍ ഭാഗികമായി ശേഷി ആര്‍ജ്ജിച്ചിട്ടുള്ളതുമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഡെല്‍റ്റാ വൈറസാണ് കൂടുതലായി കണ്ടുവരുന്നത്’ -മുഖ്യമന്ത്രി പറഞ്ഞു.

‘കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധ ശേഷി അവശ്യമായ തോതില്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാവുകയല്ല ചെയ്യുന്നത്. കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്‌സിന്‍ വിതരണത്തിലെ വീഴ്ചകളിലൂടെയും ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ ഘട്ടത്തില്‍ അതിവേഗം വാക്‌സിനേഷന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡെല്‍റ്റ വൈറസ് സാന്നിധ്യമുള്ളത് കൊണ്ട് അതിവേഗ വ്യാപന സാധ്യതയുള്ള ചെറുതും വലുതുമായ ആള്‍കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രതകാട്ടണം’ – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *