സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര കോവിഡ് പരിശോധന; ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും
കോവിഡ് വ്യാപന ആശങ്കയിൽ സംസ്ഥാനം.പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും. രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്.
ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്പിൾ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണം കാൽ ലക്ഷത്തിനടുത്താണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല 100 പേരെ പരിശോധിക്കുമ്പോൾ 18 ൽ ഏറെ പേർ ഇപ്പോൾ തന്നെ പോസിറ്റീവാകുന്നു. ടി പി ആർ 18 കടക്കുന്നത് മൂന്ന് മാസത്തിന് ശേഷം ഇതാദ്യം.പകുതിയിലേറെ ജില്ലകളിൽ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടി പി ആർ എന്നതും ആശങ്ക വർധിപ്പിക്കുന്നു.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകൾ വാക്സിനേഷനിൽ ബഹുദൂരം മുന്നിലായതിനാൽ, ഈ ജില്ലകളിൽ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. ബാക്കി ജില്ലകളിൽ പരിശോധന വ്യാപിപ്പിക്കും. ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ വാക്സിൻ എടുത്തവരിലെ രോഗബാധ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം ആരംഭിക്കും. നിലവിൽ 414 വാർഡുകളിലാണ് കർശന നിയന്ത്രണങ്ങളുള്ളത്. രോഗവ്യാപനം കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക് ഡൗൺ വരും.അതേസമയം സംസ്ഥാനത്ത് തൽക്കാലം അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. സമ്പൂർണ അടച്ചിടലിലേയ്ക്ക് പോകില്ല. കടകളുടെ പ്രവർത്തനം രാത്രി 9 വരെ തുടരും. ശനിയാഴ്ച ചേരുന്ന അവലോകന യോഗം സാഹചര്യം വീണ്ടും വിലയിരുത്തും.